കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മൂലം പൊതുമുതലിനുണ്ടായ നഷ്ടംഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് ഈടാക്കുന്നതിനുളള നടപടി തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. പൊതുമുതൽ നഷ്ടം 86 ലക്ഷം രൂപയുടേതും സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം 16 ലക്ഷം രൂപയുടേതുമാണെന്നും സർക്കാർ അറിയിച്ചു. 724 പേരെ കരുതൽ തടങ്കലിൽ ആക്കിയിരുന്നതായി സർക്കാർ അറിയിച്ചു.ഹർത്താലിൽ അക്രമമുണ്ടാക്കിയ എല്ലാവരേയും തിരിച്ചറിഞ്ഞു, ഭൂരിഭാഗം പേരെയും അറസ്റ്റു ചെയ്തു, ബാക്കി അറസ്റ്റുകൾ ഉടനുണ്ടാകും.കേരളാ പൊലീസുമായി കൂടി സഹകരിച്ചാണ് എൻ ഐ എ ചില പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റുചെയ്തതെന്നും സർക്കാർ വ്യക്തമാക്കി.ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് നാളെ വീണ്ടും പരിഗണിക്കും.
ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു സെപ്റ്റംബര്‍ 23 ന് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ നടന്നത്. രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിവധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫീസിസുകളിലും നേതാക്കളുടെ വീട്ടിലുമായി എന്‍ഐഎ റെയ്ഡ് നടത്തിയത്. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.