തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.
11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.
രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.

