മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐഎഎസ് ലൈഫ് മിഷൻ കോഴ ഇടപാടില്‍ ഇന്ന് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകില്ല. സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ല എന്നാണ് എം ശിവശങ്കർ ഇമെയിൽ വഴി ഇഡിയെ അറിയിച്ചത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി അറിയിച്ചു.
27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് എം ശിവശങ്കർ ഇന്ന് വിരമിക്കുന്നത്.
ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കർ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക ജീവിതത്തിന്റെ സുപ്രധാന നാളുകളിൽ നേരിട്ട കേസും നിയമനടപടികളും ജയില്‍വാസവും ഉൾപ്പെടെ കയ്പേറിയ അനുഭവങ്ങൾ ഏറെയുണ്ട് എം ശിവശങ്കറിന്റെ ഐഎഎസ് കരിയറിൽ.
നേരത്തെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്‌ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു.