വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. വൈകിട്ട് മൂന്നുമണിക്ക് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ആണ് ചർച്ച. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി എന്നിവരും പങ്കെടുക്കും.
ആഗസ്റ്റ് 26ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്നാണ് കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ പ്രഖ്യാപനം. ശമ്പളം വൈകുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചത്. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, നിയമവിരുദ്ധമായി തൊഴിലാളികളില്‍ നിന്നും പിഴയീടാക്കുന്ന നടപടി അവസാനിപ്പിക്കുക, സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്.
കോടതി ഇടപെട്ടിട്ടും പത്താം തീയതിക്ക് മുമ്പ് ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സമരസമിതിയുടെ പ്രസ്താവനയില്‍ ആരോപിക്കുന്നു. ജീവനക്കാരുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നല്‍കി. ഇക്കൊല്ലത്തെ ഓണം ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഓണം ആനുകൂല്യങ്ങള്‍ ഇതുവരേയും വിതരണം ചെയ്തിട്ടില്ല.