ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. ജാതിവിവേചനം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു. രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നാണ് ശങ്കര്‍ മോഹന്‍ വിശദീകരിച്ചത്.
വിദ്യാർത്ഥികൾ ഉന്നയിച്ച ജാതി വിവേചന ആരോപണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് കോളേജ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് നൽകിയതായി ശങ്കർമോഹന്‍ തന്നെയാണ് അറിയിച്ചത്. രാജിയും വിവാദവുമായി ബന്ധമൊന്നുമില്ല എന്നും കാലാവധി കഴിഞ്ഞതുകൊണ്ടാണ് രാജിവെക്കുന്നതെന്നും ശങ്കർമോഹന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഡയറക്ടർ ശങ്കർമോഹന്റെ രാജി സമരവിജയം ആണെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സമരനടപടിയുടെ ആവശ്യങ്ങളിൽ ഒന്നാമത്തേത് നടന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാർത്ഥികളുടെ മറ്റു പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുമെന്നും അതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. അതേസമയം ശങ്കർ മോഹന്റെ രാജിയിൽ പ്രതികരിക്കാൻ ഒന്നുമില്ല എന്നായിരുന്നു ചെയർമാനായ അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം.