തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് ചാത്തമംഗലത്തെ പ്രാദേശിക കോഴിഫാമില്‍ സ്ഥിരീകരിച്ചത്. ഇവിടെ ഇതുവരെ 1800 കോഴികള്‍ ചത്തതായാണ് വിവരം. കൂടുതല്‍ പരിശോധനകള്‍ക്കായി ചത്ത പക്ഷികളുടെ സാമ്പിളുകള്‍ വയനാട് പൂക്കോട് വെറ്ററിനറി ആനിമല്‍ സയന്‍സസ് കോളേജിലേക്കും കോഴിക്കോട്ടെ ക്ലിനിക്കല്‍ ലാബിലേക്കും അയച്ചിട്ടുണ്ട്.
കേന്ദ്ര പ്രോട്ടോക്കോള്‍ അനുസരിച്ച് നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.
നേരത്തെ ചിറയിന്‍കീഴ് അഴൂരിലെ പെരുങ്ങുഴിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ ചത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ മൂവായിരത്തിലേറെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളില്‍ 2 മാസത്തില്‍ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, 2 മാസത്തില്‍ കൂടുതലുള്ളതിന് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക. മുട്ടയൊന്നിന് 8 രൂപയും നല്‍കും. തീറ്റ കിലോയ്ക്ക് 22 രൂപയും നല്‍കും.