കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നൽകിയത്. തപാൽ വഴിയും, ഇ മെയിൽ വഴിയും പരാതി അയച്ചു. സൈനികനെയും സഹോദരനെയും മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സംഭവത്തിൽ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെതിരെയും പരാതി ഉയർന്നിരുന്നു
സംഭവത്തിൽ വീഴ്ച്ച സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ വിഘ്നേഷ് പറയുന്നു.
കൈവിലങ്ങിട്ടുകൊണ്ടാണ് അകത്തേക്ക് കൊണ്ടുപോകുന്നത്. ധൈര്യമുണ്ടെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ മൊത്തത്തിൽ പുറത്തുവിടണം. പ്രകാശ് എന്നുപറയുന്ന പൊലീസിന്റെ തലയിൽ മാത്രം ഇട്ടുകൊടുത്തിട്ട് രക്ഷപ്പെടാൻ ആണ് മറ്റ് പ്രതികൾ ശ്രമിക്കുന്നത് എന്നും വിഘ്നേഷ് പറയുന്നു .
കിളികൊല്ലൂർ പൊലീസ് മർദനത്തിൽ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികൾ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്‌നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും.