കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമാക്കി. പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചും പ്രതികളെത്തിയ സ്ഥലങ്ങളെ കുറിച്ചും ചില സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചുള്ളവരാണ് പ്രതികളെന്നാണ് നിഗമനം. മൂന്നുപേർ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.
അതിനിടെ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം 6 വയസുകാരി മാത്രമായിരുന്നില്ലെന്ന് വിവരം. പ്രതികൾ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോവാൻ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന വിവരം. പള്ളിക്കൽ മൂതലയിൽ കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചു തിങ്കൾ 3.30 ക്കാണ് ശ്രമം ഉണ്ടായത്. പള്ളിക്കൽ മൂതല റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമാണ് ശ്രമമുണ്ടായത്. എന്നാൽ നാട്ടുകാരെത്തിയപ്പോൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഓയൂർ ഭാഗത്തേക്ക് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനിടെ, താന്നിവിളയിൽ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരി അബിഗേൽ സാറാ റെജിയെ കണ്ടെത്താനായെങ്കിലും പിന്നിൽ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് കുട്ടിയെ കഴിഞ്ഞ ദിവസം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തു എത്തിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ മരുതംപള്ളി കാറ്റാടിയിൽ നിന്ന് 23 കിലോമീറ്ററോളം അകലെയാണ് ആശ്രാമം മൈതാനം