വടക്കഞ്ചേരി: അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തത്. 304 (എ) വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. നിലവില്‍ ആലത്തൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ജോമോനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അശ്രദ്ധയും അമിതവേഗതയുമാണ് അപകടകാരണമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.
ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തിലെ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോൻ നിസ്സാരപരിക്കേറ്റ് ചികിത്സതേടി ആശുപത്രിയില്‍ നിന്ന് മുങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ജോമോനെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ചവറ പോലീസ് കാര്‍ തടഞ്ഞ് പിടികൂടിയത്.
കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ അപകടസ്ഥലത്തെത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഒപ്പമുണ്ടായിരുന്ന കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോമോൻ മറ്റ് കേസുകളിലും പ്രതിയാണ് . കഴിഞ്ഞ ജൂലൈയിൽ ഇലഞ്ഞിയിലെ ഡിവൈഎഫ്ഐ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിരുന്നു. 2018ൽ മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.