പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തു. ഒരു വർഷവും മൂന്നുമാസവും നീണ്ട സസ്പെൻഷൻ കാലാവധിക്ക് ശേഷമാണ് ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലുമായി ഐജി ലക്ഷ്മണിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സസ്പെൻഷൻ നടപടി.
തട്ടിപ്പ് കേസിൽ ഐജിക്ക് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ പിൻവലിക്കൽ നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഐജിയുടെ സസ്പെൻഷൻ പിൻവലിച്ചത്. 2021 നവംബർ 10 ന് ആയിരുന്നു കേസുമായി ബന്ധപ്പെട്ട് ഐജി യെ സസ്പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി.