വിവാദങ്ങൾക്കിടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് മാറ്റം വരുത്തി. ഇംഗ്ലണ്ടിൽ നിന്ന് നാളെ കേരളത്തിൽ എത്തേണ്ടിയിരുന്ന മുഖ്യമന്ത്രി രണ്ടു ദിവസം ദുബായിൽ ചിലവഴിച്ച ശേഷമേ കേരളത്തിൽ എത്തുകയുള്ളു. നിലവിൽ മുഖ്യമന്ത്രിക്ക് യുഎഇയിൽ ഔദ്യോഗിക പരിപാടികളില്ല.
അതെസമയം യൂറോപ്യൻ യാത്രാ വിവരം പുറത്തുവന്നപ്പോൾ ഇതുവരെ പോയിട്ട് എന്ത് കിട്ടിയെന്ന എന്ന ചോദ്യമായിരുന്നു ആദ്യമുയർന്നത്. യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള വിദേശയാത്ര തന്നെ വിവാദത്തിലാണ്. ഇതിന് പുറമെയാണ് അധിക ചെലവിനെ കുറിച്ചുള്ള വിമർശനം.
എന്നാൽ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്. അത് അംഗീകരിച്ചാൽ തന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പ്രത്യേക പരിഗണന ഈ യാത്രയിൽ കുടുംബാഗംങ്ങൾക്കും കിട്ടുന്നുവെന്നതാണ് യാഥാർത്ഥ്യം.