വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്‍റെ വേഗത അപകട സമയത്ത് മണിക്കൂറിൽ 97.7 കി.മീറ്റർ ആയിരുന്നുവെന്ന് ജി.പി.എസ് വിവരങ്ങൾ വ്യക്തമാക്കുന്നു. ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം ഉണ്ട്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും. ബസുടമകളെ വിളിച്ചുവരുത്തും. ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി തുടങ്ങി. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്
ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. അമിതവേഗത്തിൽ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു ബസ്. കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ വലതുവശത്തായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. അപകടത്തിൽ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും മൂന്ന് യാത്രക്കാരും ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്.