സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി കേരളം. പൂർണ ഔദ്യോഗിക ബഹുമതികളോടെകോട്ടയം കാനത്തെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഎം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ആയിരകണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിയത്. വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ നേരത്തെ നിശ്ചയിച്ചിരുന്നതിലും വളരെ വൈകിയാണ് എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരുമെത്തി.
എഐടിയുസിയുടെ നേതാവായി നിൽക്കെയാണ് സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ എത്തിയത്. 2015 ലായിരുന്നു പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവെന്ന പദവി അദ്ദേഹത്തെ തേടിയെത്തിയത്. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2022 ഒക്ടോബറിൽ മൂന്നാം വട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹം മൂലമുള്ള വൃക്കരോഗവും അലട്ടിയ അദ്ദേഹത്തിന്റെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു