മലപ്പുറത്ത് കടുവാ ദൗത്യത്തിനായി മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാൻ അഭയ് കൃഷ്ണനെയാണ് കുങ്കിയാന കൊമ്പിനെടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് മുത്തങ്ങയിൽനിന്ന് എത്തിച്ചത്. കടുവാ ദൗത്യം നടക്കുന്നതിന് ഒരു കിലോമീറ്ററോളം അകലെയുള്ള പാറശ്ശേരി സർക്കാർ സ്കൂളിലാണ് ആനകളെ തളച്ചിരുന്നത്. തളച്ച ആനകളെ എല്ലാ ദിവസവും രാവിലെ മാറ്റി തളയ്ക്കുന്ന പതിവുണ്ടായിരുന്നു. പാപ്പാൻ ഇതിനായി ശ്രമിക്കുന്നതിനിടെ കുഞ്ചു പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ കൊമ്പിൽ തോണ്ടിയെടുത്ത് വലിച്ചെറിയുകയായിരുന്നു. ചന്തുവിന് സാരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് കാളികാവില്‍ എത്തിച്ചിരിക്കുന്നത്. കാളികാവിൽ വ്യാഴാഴ്ച (മെയ് 15) രാവിലെ റബ്ബർ ടാപ്പിംഗിന് പോയ നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശിയായ ഗഫൂറിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിൽ രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. 60 അംഗ സംഘമാണ് കടുവയ്ക്കായി മേഖലയിൽ തെരച്ചിൽ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താൻ സ്ഥലത്ത് ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്.