കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ കെ സുധാകരന്റെ അസഭ്യ പരാമര്‍ശത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ പാർട്ടിയിൽ തീരുന്നില്ല. പ്രതിപക്ഷ നേതാവിനെതിരെ കെ സുധാകരൻ നടത്തിയ അസഭ്യ പ്രയോഗത്തിൽ പിണക്കം തുടരുകയാണ്. കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി. കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വാർത്താസമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചനകൾ.
സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാൽ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം കൊല്ലം ജില്ലയിൽ പ്രവേശിക്കും.