ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആന്ധ്രാ സ്വദേശിയായ എസ്വി ഭട്ടി. ചീഫ് ജസ്റ്റിസായുള്ള ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ജൂൺ 1 ന് നടക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി കൂടി ആണ് എസ്വി ഭട്ടി. ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഭട്ടിയെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ഏപ്രില്‍ 19ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ അന്ന് ജസ്റ്റിസ് എസ്വി ഭട്ടിക്ക് കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായാണ് കേന്ദ്രസർക്കാർ നിയമനം നൽകിയത്. എസ്വി ഭട്ടി 2019 മാര്‍ച്ച് 19 മുതല്‍ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരികയാണ്. 2013ലാണ് ഭട്ടിയെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്.