കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ജസ്‌ന തിരോധാനകേസിൽ വഴിത്തിരിവ് ഉണ്ടാകാൻ സാധ്യത. കേസുമായി ബന്ധപ്പെട്ട് ഒരു പോക്സോ തടവുകാരൻ സിബിഐക്ക് നൽകിയ മൊഴിയാണ് നിർണായകം ആയേക്കാവുന്നത്. ജയിലിൽ തന്നോടൊപ്പം ഉണ്ടായിരുന്ന മോഷണക്കേസിലെ പ്രതിക്ക് ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്നും തന്നോട് അത് പറഞ്ഞുവെന്നുമാണ് പോക്സോ തടവുകാരന്റെ വെളിപ്പെടുത്തൽ. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് ഇയാൾ. ഇയാൾ പറഞ്ഞ മോഷണ കേസിലെ പ്രതി പുറത്തിറങ്ങി. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ജസ്ന മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണാതാകുന്നത്. വീട്ടിൽ നിന്നും മുണ്ടക്കയത്തുള്ള ബന്ധുവിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ജസ്‌നയെ കാണാതാവുന്നത്. ക്രൈംബ്രാഞ്ച് അടക്കം പോലീസിന്റെ വിവിധ സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് 2021 ഫെബ്രുവരിയിൽ കേസ് സിബിഐ ഏറ്റെടുത്തിരുന്നു. നിലവിൽ ജസ്ന തിരോധാന കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്.