വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ മൂന്നാർ ഇരവികുളം ദേശീയോദ്യാനം തുറന്നു. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി ജനുവരി അവസാനത്തോടെ അടച്ചിട്ട പാര്‍ക്ക് ഏപ്രില്‍ 1 മുതലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. രണ്ട് ദിവസത്തിനിടെ 3000 ത്തോളം പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രസവകാലം. ഈ സമയം സന്ദർശകർക്ക് പ്രവേശനമില്ലായിരുന്നു. ഓരോ വർഷവും 80മുതൽ 110വരെ കുഞ്ഞുങ്ങൾ ജനിക്കും. ദേശീയോദ്യാനം തുറന്നതോടെ പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്. ആദ്യദിവസം 1607 പേർ പാർക്ക് സന്ദർശിച്ചു. കുട്ടികളെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമാണ് സഞ്ചാരികള്‍ പാര്‍ക്കില്‍ എത്തുന്നത്. 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്.
ഉദ്യാനം സന്ദശിക്കുന്നവർക്ക് ഓൺലൈൻ ബുക്കിങ് നടത്താം. പ്രവേശന ഫീസുണ്ട്. ഉദ്യാനത്തിന്റെ പ്രവേശനകവാടത്തിനടുത്തുതന്നെ വാഹന പാർക്കിങ് സൗകര്യം ഉണ്ട്. വനംവകുപ്പിന്റെ പ്രത്യേക ബസിലാണ് സന്ദർശകരെ പാർക്കിനുള്ളിലേക്ക് കൊണ്ടുപോകുക. അഞ്ചാംമൈലിൽനിന്ന് ’താർ എൻഡ്’ വരെ സഞ്ചരിക്കാൻ ഫീസുനൽകി ബഗ്ഗി കാർ സർവീസും ഉണ്ട്. മൂന്നാർ, ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ നയമക്കാട് അഞ്ചാം മൈലിൽ എത്തുന്ന സഞ്ചാരികളെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള വാഹനത്തിലാണ് മലമുകളിലേക്ക് കൊണ്ടുപോകുന്നത്. മുതിർന്നവർക്ക് 200രൂപയും വിദ്യാർഥികൾ, കുട്ടികൾ എന്നിവർക്ക് 150 രൂപയുമാണ് നിരക്ക്. അഞ്ച് പേർക്ക് സഞ്ചാരിക്കാവുന്ന ബഗ്ഗി കാറിന് 7500 രൂപയാണ്. 11 കി. മീ. ദൂരമാണ് ബഗ്ഗി കാറിലെ യാത്ര.