കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവർ എന്നാണ് സംശയം. ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങൾ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.
സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്.
നരബലിയുടെ ഭാഗമായി ആദ്യകൊലപാതകം നടത്തിയത് ജൂണ്‍ മാസത്തിലാണെന്നാണ് പോലീസിന്റെ നിഗമനം. ജൂണ്‍ മാസത്തില്‍ കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്ലിയെയാണ് അന്ന് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് റോസ്ലിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കടവന്ത്രയില്‍നിന്ന് സെപ്റ്റംബര്‍ 26-ന് പത്മത്തെയും കാണാതായത്. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
പത്മം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഭഗവന്ത്-ലൈല ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇവര്‍ക്ക് സ്ത്രീയെ എത്തിച്ചുനല്‍കിയ ഷാഫിയും പിടിയിലായി. ഇവരെ ചോദ്യംചെയ്തതോടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.