സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഒൻപതിടത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഈ ന്യൂനമർദ്ദം പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ചവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.