മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു അമിത വേഗതയിൽ ഓടിച്ച വാഹനം തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
ലോട്ടറി വില്‍പ്പനക്കാരനാണ് മരിച്ച തങ്കരാജ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയുടൻ ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എംസി റോഡില്‍, നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ത്ഥ് ഓടിച്ച കാര്‍ ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവ സ്ഥലത്ത് വെച്ച് സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. നാട്ടുകാരെ അസഭ്യം പറയുകയും നടുറോഡില്‍ കിടന്ന് ബഹളം വെക്കുകയും ചെയ്യുന്ന സിദ്ധാര്‍ത്ഥിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. ഇതിനിടെ കയ്യേറ്റവും ഉണ്ടായി. തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. താരത്തിനെ അറസ്റ്റ് ചെയ്ത പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് സിദ്ധാര്‍ത്ഥ് പ്രഭു. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തി. പരമ്പരയില്‍ നടി മഞ്ജു പിളളയുടെ മകനായാണ് സിദ്ധാര്‍ത്ഥ് അഭിനയിച്ചിരുന്നത്. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയില്‍ അഭിനയം ആരംഭിച്ചത്. സീരിയലില്‍ കേന്ദ്ര കഥാപാത്രമായ ലക്ഷ്മിയുടെ ഭര്‍ത്താവായാണ് സിദ്ധാര്‍ത്ഥ് വേഷമിടുന്നത്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

