എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം തുടരുന്നതിനിടെ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. പരാതിക്കാരിയായ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി അവധിയിലാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ് അറിയിച്ചു.
ഇന്നലെ ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിൽ സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ എംപി വ്യക്തമാക്കിയിരുന്നു.
ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും രക്ഷിതാവ് വ്യക്തമാക്കി.
അതേസമയം വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയില്‍ ആശങ്ക അറിയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് അഭിഭാഷക രംഗത്തെത്തി. രക്ഷിതാവും കുട്ടിയും സ്‌കൂളില്‍ യൂണിഫോം ധരിച്ചെത്താമെന്ന് അറിയിച്ച സാഹചര്യത്തില്‍ എന്തുകൊണ്ടാണ് മന്ത്രി ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്ന് അറിയില്ലെന്ന് അഡ്വ. വിമല പറഞ്ഞു. വിദ്യാര്‍ത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണമെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
എന്നാല്‍ കുട്ടികളില്‍ തുല്യത ഉറപ്പിക്കാന്‍ ആണ് സ്‌കൂള്‍ യൂണിഫോം. സര്‍ക്കാര്‍ കൂടുതല്‍ ആയി ഇടപെടല്‍ നടത്തുന്നുവെന്ന് സംശയിക്കുന്നു. പ്രശ്‌നം പരിഹരിച്ചതാണെന്നും മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുകയാണെന്നും അഭിഭാഷക പറഞ്ഞു. സര്‍ക്കാരിന്റെ ഉത്തരവ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. പരിശോധിച്ച് നിയമനടപടിയെടുക്കും. നാളെ രാവിലെ സ്‌കൂള്‍ മാനേജ്‌മെന്റ് ഒരു തീരുമാനം എടുക്കുമെന്നും അഭിഭാഷക അറിയിച്ചു.