കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. അതേ സമയം വിഷയത്തെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് സ്കൂൾ മാനേജ്മെന്റ്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ വീണ്ടും തുറന്നു.
എന്നാൽ ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും അനസ് വ്യക്തമാക്കി. ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.