കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാലിന് കനത്ത തിരിച്ചടി. ആനക്കൊമ്പ് കേസ് പിൻവലിക്കണം എന്നുള്ള സർക്കാരിന്റെ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ മോഹൻലാൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകൾ പരിശോധിച്ചില്ലെന്നും തനിക്ക് എതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ ഹൈക്കോടതിയിൽ വാദിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ ആവശ്യത്തിനുമേൽ വീണ്ടും വാദം കേൾക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വീണ്ടും വാദം കേട്ട് ആറുമാസത്തിനകം തീരുമാനമെടുക്കണം എന്നും നിയമം എല്ലാവർക്കും ഒരുപോലെ ആണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികൾക്ക് പുന പരിശോധന ഹർജി നൽകാൻ അവകാശമില്ലെന്ന് ചൂടിക്കാട്ടിയാണ് മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്.