കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടി മാനേജര്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ടി കെ അഷ്റഫ് സമര്‍പ്പിച്ചിട്ടുള്ള കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയും മാനേജര്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കാരണംകാണിക്കാന്‍ ജൂലൈ 5 വരെ സമയമുണ്ടായിട്ടും തനിക്കെതിരെ ഉണ്ടായത് തിടുക്കപ്പെട്ട നടപടിയാണെന്നാണ് അധ്യാപകന്‍ കോടതിയില്‍ വാദിച്ചത്. ജൂലൈ 2നാണ് സ്‌കൂള്‍ മാനേജര്‍ ടി കെ അഷ്‌റഫിന് മെമോ നല്‍കിയത്. ഇത് നീതിലംഘനമാണെന്നും അധ്യാപകന്‍ കോടതിയില്‍ വാദിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയാണ് ടി കെ അഷ്റഫ്. ജൂണ്‍ അവസാനത്തില്‍ സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് ടി കെ അഷ്റഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.