തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ ഇന്ന് രാവിലെ 8:30 വരെ 1.8 മുതൽ 2.0 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) രാവിലെ 8:30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു.
അടുത്ത 48 മണിക്കൂറിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തീരദേശ ബംഗ്ലാദേശ് പശ്ചിമ ബംഗാളിനും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത. ജൂൺ 29 ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു