സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നത്.
അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് മഴ ശക്തിയാർജിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം കേരളതീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ള തിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.