ഉറ്റവരെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട വയനാട്ടിലെ ദുരന്തബാധിതയായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണ്‍ കഴിഞ്ഞമാസമാണ് വാഹനാപകടത്തില്‍ മരിച്ചത്.
തനിക്ക് സർക്കാർ ജോലി നൽകുമെന്നറിഞ്ഞതിൽ സന്തോഷമെന്ന് ശ്രുതി പ്രതികരിച്ചു. സന്തോഷം കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമേയുള്ളു. വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും ശ്രുതി പറഞ്ഞു. ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛന്‍ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ പത്തിനായിരുന്നു ശ്രുതിയും പ്രതിശ്രുതവരന്‍ ജെന്‍സണും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്.
ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
140.6 കോടി ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്. ഇതുവരെ അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം മാത്രമാണ്. പ്രത്യേക സഹായം ഇതുവരെ കിട്ടിയില്ല. കൂടുതൽ സഹായം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. വയനാട് ദുരന്തത്തിൽ മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പത്ത് ലക്ഷം നല്‍കും. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം നല്‍കും. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗൺ ഷിപ് ഉണ്ടാക്കും. മേപാടി നെടുമ്പാല, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റ്റേറ്റ് എന്നീ രണ്ട് സ്ഥലങ്ങൾ ആണ് ടൗൺ ഷിപ്പ് പരിഗണിക്കുന്നത്. നിയമ വശം പരിശോധിക്കും. ആദ്യ ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.