സർക്കാരുമായി നടക്കുന്ന നിയമപോരാട്ടത്തിനിടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാസം 14 ന് വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിൽ വെച്ചാണ് പരിപാടി നടക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വിവിധ ക്രൈസ്തവ വിഭാഗത്തിലെ മതമേലദ്ധ്യക്ഷൻമാർ, ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. ഓണാഘോഷത്തിന് സർക്കാർ ഗവർണറെ ക്ഷണിക്കാത്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഗവർണറും പത്‌നിയുമാണ് എല്ലാ വർഷവും ഓണവുമായി ബന്ധപ്പെട്ട പരിപാടിയിലെ വിശിഷ്ടാതിഥികൾ. എന്നാൽ ഇത്തവണ സർക്കാർ ഗവർണറെ ഔദ്യോഗികമായി ക്ഷണിച്ചില്ല. തുടർന്ന് അട്ടപ്പാടിയിലെ വനവാസികൾക്കൊപ്പമാണ് ഗവർണർ ഓണം ആഘോഷിച്ചത്.