സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 2160 രൂപയാണ് വർദ്ധിച്ചത്. 68480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 270 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 8560 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു പവൻ സ്വർണത്തിന് ഒറ്റ ദിവസം കൊണ്ട് 2000ത്തിലധികം രൂപയുടെ വർധനവുണ്ടാകുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.