ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയതുകൊണ്ടാണ് എൻ.എസ്.എസ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ രാഷ്ട്രീയമായി കരുവാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിന്ന രാഷ്ട്രീയ പാർട്ടികൾ എൻ.എസ്.എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസിന് പ്രത്യേക രാഷ്ട്രീയമില്ല. സമുദായ അംഗങ്ങൾക്ക് അവരുടെ താൽപ്പര്യപ്രകാരം ഏത് നിലപാടും സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. ശബരിമല സ്വർണ്ണക്കവർച്ച കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരുമായി എൻ.എസ്.എസ് അടുക്കുന്നു എന്ന സൂചനകൾ സമുദായത്തിനുള്ളിൽ തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ചിലയിടങ്ങളിൽ സുകുമാരൻ നായർക്കെതിരെ പ്രതിഷേധങ്ങളും നടന്നു. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയത്തിലെ നിലപാട് മാറ്റം വ്യക്തമാക്കിക്കൊണ്ട് സുകുമാരൻ നായർ വീണ്ടും സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ് വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

