ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട ആളെ തന്നെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത് എന്നും സിസ്റ്റർ മാധ്യമങ്ങളോട് വിശദമാക്കി. മുൻ നിയമ സെക്രട്ടറി അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ മുഖ്യമന്ത്രി ഇന്നലെ നിർദ്ദേശിച്ചിരുന്നു.
കേസിലെ പരാതിക്കാരിയായ സി. റാണിറ്റ്, മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിട്ട് നൽകിയില്ലെന്ന് മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവ് വന്നിരിക്കുന്നത് സിസ്റ്ററിന്റെ തുറന്നു പറച്ചിലിന്റെ ആറാം ദിവസമാണ്.
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ്, കഴിഞ്ഞ എട്ട് വർഷമായി താൻ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. തന്റെ ജീവിതം ഇപ്പോൾ കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിലാണെന്നും തന്നോടൊപ്പമുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകൾ കടുത്ത ഒറ്റപ്പെടലും കല്ലെറിയലും മൂലം സഭ വിട്ടുപോയെന്നും സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു.
നിലവിൽ മഠത്തിൽ തയ്യൽക്കാരായി ജോലി ചെയ്താണ് താൻ ഉൾപ്പെടെയുള്ള മൂന്നുപേർ ഉപജീവനം നടത്തുന്നതെന്ന് സിസ്റ്റർ റാണിറ്റ് പറഞ്ഞിരുന്നു. സഭാ നേതൃത്വത്തിന്റെ മൗനം ആണ് തങ്ങളെ തെരുവിലിറക്കിയത് എന്നും അവർ ആരോപിച്ചു. സഭയ്ക്കുള്ളിൽ പീഡന പരാതി നൽകിയപ്പോൾ, തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടന്നു. ബിഷപ്പ് ഫ്രാങ്കോ തന്നെയും കുടുംബത്തെയും തന്നോടൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായും സിസ്റ്റർ റാണിറ്റ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയെ സഹായിക്കുന്ന ചില കന്യാസ്ത്രീകൾ മഠത്തിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പതിമൂന്ന് തവണ പീഡനത്തിനിരയായിട്ടും എന്തുകൊണ്ടാണ് മൗനം പാലിച്ചതെന്ന് ചോദിച്ചപ്പോൾ, ഭയം കൊണ്ടാണ് മൗനം പാലിച്ചതെന്ന് സിസ്റ്റർ റാണിറ്റ് മറുപടി നൽകി. ഒരു കന്യാസ്ത്രീ ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നത് ചാരിത്ര്യശുദ്ധി ആണ്. തനിക്ക് അത് നഷ്ടപ്പെട്ടുവെന്ന് പരസ്യമായി പറഞ്ഞാൽ, അന്ന് താൻ സഭയിൽ നിന്ന് പുറത്താക്കപ്പെടും. സഭ വിട്ടുപോയ പലരുടെയും അനുഭവങ്ങൾ തനിക്ക് നേരിട്ട് അറിയാമെന്നും സിസ്റ്റർ പറഞ്ഞു.

