മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ആറു മാസം നീണ്ട സസ്പെൻഷൻ കാലാവധിക്കു ശേഷമാണിത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരിച്ചെടുക്കല്‍ നടപടി.
പി വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരെ നടപടി ഉണ്ടായത്.
പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വിവാദ ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്. ക്യാംപ് ഓഫിസിലെ മരംമുറി കേസിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സുജിത് ദാസ് തന്നോട് അപേക്ഷിക്കുന്ന സംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു. ഇതു പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതായും വിലയിരുത്തപ്പെട്ടു. തുടർന്നു സെപ്റ്റംബർ അഞ്ചിനാണു മുഖ്യമന്ത്രി സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.