സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശി പ്രജീഷിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം. അതിനുശേഷമാകും സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക. ശക്തമായ പ്രതിഷേധവുമായി ഇന്നലെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. കടുവയെ വനംവകുപ്പ് പിടികൂടണമെന്നതായിരുന്നു പ്രധാന ആവശ്യം. നരഭോജി കടുവയാണിതെന്നും അതിനാല്‍ അടിയന്തരമായി വെടിവെച്ച് പിടികൂടിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
അതിനിടെ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവയക്കായി വലിയ രീതിയിലുള്ള തെരച്ചിലാണ് ആരംഭിച്ചിരിക്കുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.
ഇന്നലെ രാവിലെ 11 മണിയോടെ പാടത്ത് പുല്ലരിയാന്‍ പോയ പ്രജീഷിനെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.