സഹോദരിയുമായുള്ള വിൽപ്പത്ര കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫോറൻസിക് റിപ്പോർട്ട്. പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പ് ഗണേഷ് കുമാർ വ്യാജമായി നിർമ്മിച്ചതാണെന്ന വാദം പൊളിയുന്നു. ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന ഫോറൻസിക് റിപ്പോർട്ട് കോടതിക്ക് ലഭിച്ചു. ഫോറൻസിക് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ 24 ന് ലഭിച്ചു.
രണ്ടാം എൽ.ഡി.എഫ് സർക്കാരിലെ ആദ്യ രണ്ടരവർഷം മന്ത്രിയാകേണ്ട അവസരം ഉൾപ്പെടെ ഗണേഷ് കുമാറിന് നഷ്ടപ്പെടുത്തിയതാണ് വിൽപ്പത്ര കേസ്. പിതാവിൻ്റെ സ്വത്തു തട്ടിയെടുക്കാൻ വ്യാജമായി ഗണേഷ് കുമാർ ഒപ്പ് നിർമ്മിച്ചു എന്നതായിരുന്നു സഹോദരി ഉഷാ മോഹൻദാസിന്റെ പരാതി. തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനയ്ക്ക് ശേഷമാണ് ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് കണ്ടെത്തിയത്. കൊട്ടാരക്കര മുൻസിഫ് കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഫോറൻസിക് പരിശോധന. വിൽപത്രത്തിലെ ഒപ്പും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ കൗണ്ടർ ഫോയിലിലെ ഒപ്പും ഫോറൻസിക് വിഭാഗം പരിശോധിച്ചു. ഇതിൽനിന്നാണ് ഒപ്പുകൾ ഒന്നുതന്നെയെന്ന് കണ്ടെത്തിയത്. വൈകിയെങ്കിലും സത്യം തെളിഞ്ഞതിൽ സന്തോഷമെന്ന് ഗണേഷ് കുമാർ 24 നോട് പറഞ്ഞു.
നിലവിൽ ഫോറൻസിക് റിപ്പോർട്ട് കൊട്ടാരക്കര മുൻസിഫ് കോടതിയിലെത്തി. കോടതി നടപടികൾ തുടരും. 33 ഇടങ്ങളിലായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലങ്ങളും, 270 പവൻ സ്വർണവും ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ട് എന്നായിരുന്നു കോടതിയിൽ നൽകിയ സത്യവാങ്മൂലം.