സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം. തെക്കന്‍, മധ്യ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചുദിവസം കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.
തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. അതേസമയം, കേരള-കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ബീച്ചിലേക്കുള്ള യാത്രയ്ക്കും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ക്കും വിലക്കുണ്ട്
തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും.