മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ഈ മാസം 18ന് കൊച്ചിയിലെ ഓഫീസിലെത്താനായിരുന്നു നിർദ്ദേശം. കേസിൽ 18ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നു.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്
മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസണിന്റെ മൂന്ന് ജീവനക്കാരിൽനിന്ന് ഇഡി മൊഴിയെടുത്തിരുന്നു. കെ സുധാകരന് എതിരെ ക്രൈബ്രാഞ്ചിന് മൊഴി നൽകിയ മോൻസണിന്റെ ജീവനക്കാരായ അജി, ജോഷി, ജയ്സൺ എന്നിവരിൽനിന്നാണ് ഇഡി വിവരങ്ങൾ തേടിയത്. ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്ത വഞ്ചനാകേസിൽ കെ സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടുകളും ഇഡി ശേഖരിച്ചിട്ടുണ്ട്. മോൻസൺ മാവുങ്കലിൽനിന്ന് കെ സുധാകരൻ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുണ്ടായിരുന്നു. തൃശൂർ സ്വദേശി അനൂപിൽനിന്ന് മോൻസൺ 25 ലക്ഷം രൂപ വാങ്ങിയപ്പോൾ സുധാകരൻ ഇടനിലക്കാരനായെന്ന മൊഴിയും ഇഡി പരിശോധിച്ചിരുന്നു. പണം കൈമാറുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നതായി പരാതിക്കാരൻ മൊഴിനൽകിയിട്ടുണ്ട്. കേസിൽ പ്രതിസ്ഥാനത്തുള്ള ഐജി ലക്ഷ്മൺ ഇതുവരെ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. എന്നാൽ ലക്ഷ്മണിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്.