തിരുവനന്തപുരം കഠിനംകുളത്ത് വട്ടിപ്പലിശക്കുരുക്കിൽ പെട്ട പ്രവാസിയും കുടുംബവും കിടപ്പുമുറിയിൽ തീക്കൊളുത്തി മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരെ ആണ് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ(23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിദേശത്ത് ഡ്രൈവർ ആയിരുന്ന രമേശൻ ഇന്നലെയാണ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.
വർഷങ്ങളായുള്ള കടബാധ്യതയാണ് ഇവർക്കുണ്ടായിരുന്നത്. ഒന്നു തീർക്കാൻ മറ്റൊന്നെന്ന നിലയിൽ പലിശക്കുരുക്കിലകപ്പെട്ട് നിൽക്കക്കള്ളി ഇല്ലാതായതോടെയാണ് രമേശനും കുടുംബവും ആത്മഹത്യയിലേക്ക് നീങ്ങിയത്. സംഭവം നടക്കുമ്പോൾ സുലജകുമാരിയുടെ അച്ഛനും അമ്മയും മറ്റൊരു മുറിയിലുണ്ടായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് ഇവരുടെ കിടപ്പുമുറിയിൽ നിന്നും തീയും പുകയും കാണുന്നത്. ബഹളം കേട്ട് ഇവർ ഓടി എത്തിയപ്പോഴേക്കും മൂന്നുപേരും പൊള്ളലേറ്റ് മരിച്ചു . രേഷ്മയെ കൂടാതെ ഒരു മകൻ കൂടി ഇവർക്കുണ്ട്. മകൻ സംഭവം നടക്കുമ്പോൾ വീട്ടിൽ ഇല്ലായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഇവർക്കുള്ളതായി പോലീസ് പറയുന്നു. വീടുൾപ്പെടെയുള്ളവ ജപ്തി നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമം ആയിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. കടം കൊടുക്കാനുള്ളവരുടെ പേരും തുകയും ആത്മഹത്യാ കുറിപ്പിലുണ്ട്. വിദേശത്ത് ഡ്രൈവറായിരുന്നു രമേശൻ. കടബാധ്യത തീർക്കാൻ വീടും പുരയിടവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽപ്പെട്ടതിനാൽ അതിനും കഴിഞ്ഞില്ല. വായ്പക്ക് ശ്രമിച്ചാണ് രമേശൻ നാട്ടിലെത്തിയത്. മകൾ രേഷ്മ ബിരുദ വിദ്യാർഥിനിയാണ്.