മഹാരാജാസ് കോളേജ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. അഗളി ഡിവൈഎസ്പി ഓഫിസിലാണ് കുഴഞ്ഞുവീണത്. വിദ്യയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. നാളെ തന്നെയാണ് വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കാത്തതിനാൽ വിദ്യയ്ക്കു നിർജലീകരണമെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വിദ്യ ആശുപത്രിയിൽ തുടരും.
അതേസമയം വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ദ്ധൻ ഉടൻ ഫോൺ പരിശോധിക്കും. ഈ രീതിയിൽ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാൻ സാധിക്കും.
ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടുന്നത്. കൂട്ടുകാരിയ്ക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യയുടെ ഒളിയിടം പൊലീസ് കണ്ടെത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള നാല് ദിവസം മുമ്പെടുത്ത സെൽഫി കണ്ടെത്തിയത്. ഇന്നലെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിൽ വിട്ടു. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം തനിക്കെതിരെ മഹാരാജാസ് കോളേജിലെ അധ്യാപകർ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് വിദ്യ. അട്ടപ്പാടി കോളജ് പ്രിൻസിപ്പാളിന്റെ സാന്നിധ്യത്തിൽ വിദ്യയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

