ആലുവയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മകൾ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പരിശോധനയുമായി എക്സൈസ്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂരിലെയും ആലുവയിലെയും ക്യാമ്പുകളിൽ പരിശോധന നടത്തി.
ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന. പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ഒന്നിച്ചാണ് റെയ്ഡ് നടത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചുവയസുകാരിയെ പീഢിപ്പിച്ച് കൊന്ന് ചാക്കിൽക്കെട്ടി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്നും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കേസിലെ പ്രതിയായ ബീഹാർ സ്വദേശി അസ്ഹാക്ക് ആലം (26) റിമാൻഡിലാണ്. ഇയാൾ താമസിച്ചിരുന്ന മുറി അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു.