കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യപ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന എട്ട് സ്വത്തുക്കൾ ഇ ഡി മരവിപ്പിച്ചു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 100 ഗ്രാം സ്വർണക്കട്ടിയും പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമല ക്ഷേത്രത്തിലെ സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ജനുവരി 20-ന് കൊച്ചി സോണൽ ഓഫീസിലെ ഇഡി സംഘം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 21 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തിയെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരള പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജ്വല്ലറി ഉടമകൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചന ഈ അന്വേഷണത്തിൽ വെളിപ്പെട്ടുവെന്നും ഇഡി വ്യക്തമാക്കി

