മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം ഇന്നും തുടരുന്നു. കടുവയുടെ കാല്പാടുകള്‍ കണ്ടെത്തിയെങ്കിലും കൃത്യമായി സ്ഥലം നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ വനംവകുപ്പ് സംഘം ആദ്യദിനം കൂട് സ്ഥാപിച്ച് മടങ്ങി. കടുവ പതിവായി ജീവികളെ പിടികൂടി തിന്നുന്നതായി കണ്ടെത്തിയ സ്ഥലത്തും വെള്ളം കുടിക്കാനായി ഇറങ്ങുന്നൂവെന്ന് കരുതുന്ന ചോലയുടെ അരികിലും വ്യാഴാഴ്ചതന്നെ അധികൃതര്‍ കടുവയെ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ശനിയാഴ്ച തിരച്ചില്‍ പുനരാരംഭിക്കും. നാല് സംഘങ്ങളായി നാല്പതിലേറെ പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. മയക്കുവെടി സംഘത്തലവന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കടുവയെ പിടികൂടുന്നതുവരെ തിരച്ചില്‍ തുടരാനാണ് തീരുമാനം. ക്യാമറകളിലെ മെമ്മറി കാര്‍ഡ് പരിശോധനയാണ് വെള്ളിയാഴ്ച ആദ്യം നടത്തിയത്. അന്‍പതിലേറെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ (44)യാണ് കഴിഞ്ഞദിവസം കടുവ കൊന്നത്. മലയോരമേഖലയായ കാളികാവിനടുത്ത് അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട് മലയിലെ റബ്ബര്‍ത്തോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ അലിയെ കൊലപ്പെടുത്തിയ തോട്ടം മേഖല ചെങ്കോട് മലവാരത്തിനും സൈലന്റ് വാലി കാടുകളോടും ചേര്‍ന്നുകിടക്കുന്ന ചെങ്കുത്തായ പ്രദേശമാണ്. കടുവയെ മയക്കുവെടിവെച്ച് പിടിക്കുക ദുഷ്‌കരമാണെന്ന് വനമേഖല പരിചയമുള്ളവര്‍ പറയുന്നു. അടിക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്ന കുത്തനെയുള്ള മലഞ്ചെരിവില്‍ കടുവയെ പിന്തുടര്‍ന്ന് കണ്ടെത്തുക എളുപ്പമല്ല. കാട്ടിനുള്ളില്‍ ആള്‍പ്പെരുമാറ്റമുണ്ടായാല്‍ കടുവ ഉള്‍വനത്തിലേക്ക് കടന്നു കളയാനുള്ള സാധ്യതയും കൂടുതലാണ്.
വയനാട് മുത്തങ്ങയില്‍നിന്ന് കുഞ്ചുവെന്ന കുങ്കിയാനയെ വ്യാഴാഴ്ച ഇവിടെ എത്തിച്ചിരുന്നു. അരിക്കൊമ്പന്‍ ആനയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കോന്നി സുരേന്ദ്രന്‍ എന്ന ആനയെ വെള്ളിയാഴ്ച വൈകീട്ട് ആറോടെയും എത്തിച്ചു. മലയോരത്തിന്റെ രണ്ടു ഭാഗങ്ങളിലൂടെ ആനകളെ കയറ്റി കാടിളക്കി കടുവയെ പുറത്തുചാടിക്കാനാണ് പദ്ധതി. പ്രദേശത്തുകാര്‍ക്ക് വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. കാട്ടില്‍ തിരച്ചില്‍ നടത്തുന്നതിനാല്‍ കടുവ പുറത്തുചാടാനുള്ള സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തി അറിയിച്ചിട്ടുണ്ട്. മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള നാല് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തുണ്ട്. പെട്ടെന്നുതന്നെ കടുവയെ പിടികൂടി ദൗത്യം പൂര്‍ത്തിയാക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ആനകളെ അടയ്ക്കാക്കുണ്ട് ഗവ. എല്‍പി സ്‌കൂളിലാണ് തളച്ചിട്ടുള്ളത്. വനപാലകര്‍ അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് ക്യാമ്പ് ചെയ്യുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സിസിഎഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമുണ്ട്.