സിറിയയിൽ ഉണ്ടായ ഭൂകമ്പത്തിൽ ജയിലിലെ ഭിത്തികൾക്ക് വിള്ളൽ സംഭവിച്ചതോടെ ഐഎസ് ഭീകരർ ജയിൽ ചാടി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽപെട്ട 20 തടവുകാരാണ് ജയിലിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് രക്ഷപ്പെട്ടത്. സിറിയയിലെ രാജോയ്ക്കടുത്തുള്ള സൈനിക ജയിലിന്റെ ഭിത്തികൾ ഭൂകമ്പത്തിന്റെ ഫലമായി വിണ്ടുകീറിയതോടെ പുറത്തു ചാടിയ തടവുകാർ ജയിലിന്റെ നിയന്ത്രണം കൈക്കലാക്കാൻ കലാപവും ഉണ്ടാക്കി.
ജയിലിലെ 2,000 തടവുകാരില്‍ 1,300 പേരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ്. ഇവരിൽ ചിലർ ആണ് ജയിൽ ചാടിയത്. ഭീകരർക്ക് രക്ഷപ്പെടാൻ സഹായിച്ചവർക്ക് ഭീകരർ വൻതോതിൽ സാമ്പത്തിക സഹായം നൽകിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജയിലിൽ തടവിൽ കഴിയുന്ന ഭീകരരെ രക്ഷപ്പെടുത്താൻ സിറിയയിലെ റാഖയിൽ ഈ കഴിഞ്ഞ ഡിസംബറിലും ഐഎസ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 20 ഭീകരർ തടവ് ചാടിയത്.