കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഇരിക്കെ അക്രമി സന്ദീപിന്റെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദന ദാസിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. വന്ദന പഠിച്ച കൊല്ലം അസീസിയ കോളേജിലാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി മൃതദേഹം എത്തിച്ചത്. നടുക്കവും ദുഖവും തളംകെട്ടിയ അന്തരീക്ഷമായിരുന്നു അന്ത്യാഞ്ജലി സമയത്ത് നിലനിന്നത്. പൊതുപ്രവർത്തകരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകളാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചത്. മൃതദേഹം ഇന്ന് രാത്രി കോട്ടയത്ത് എത്തിക്കും നാളെ ജന്മനാട് വന്ദനയ്ക്ക് വിട ചൊല്ലും.
അതേസമയം കൊല്ലം അസീസിയ കോളേജില്‍ വ്യാപകമായ പ്രതിഷേധമാണ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും നടത്തിയത്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്ന ഞങ്ങള്‍ക്ക് ആര് സംരക്ഷണം നല്‍കും എന്നാണ് ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഇന്നു പുലര്‍ച്ചെ ജോലിക്കിടെ വനിതാ ഡോക്ടറെ അക്രമി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (22)കൊല്ലപ്പെട്ടത്. പൊലീസ് പരിശോധനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചെറുകരക്കോണം സ്വദേശിയായ സാംദീപ് ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്.
അസീസിയ മെഡിക്കല്‍ കോളേജില്‍ എത്തി മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും വി.എന്‍.വാസവനും അന്ത്യാഞ്ജലി അർപ്പിച്ചു. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടത്തുന്നത് എന്നാണ് വിവരം.