ഇന്ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് എന്ന അക്രമി ഡ്യൂട്ടിയില്‍ ഇരിക്കുന്ന ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപെടുത്തിയത്. വന്ദനയുടെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി.
അതെസമയം ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുകയാണ്. പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനനം നടത്തി. പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത് എന്നും കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.
സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ് സന്ദീപ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണം തുടങ്ങിയപ്പോൾ പൊലീസ് അടക്കം എല്ലാവരും ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് അക്രമിക്കു മുന്നിൽ ഡോക്ടർ വന്ദന ദാസ് മാത്രം അകപ്പെട്ടു. നിസ്സഹായയായ പെൺകുട്ടിയെ അക്രമി തുരുതുരാ കുത്തിയെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. എന്നാൽ ഈ വിവരങ്ങൾക്കെല്ലാം വിരുദ്ധമായാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. പൊലീസുകാർക്ക് കുത്തേറ്റത് വന്ദനയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് വീഴ്ച നിഷേധിക്കുകയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ.
കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.