തിരുവനന്തപുരം: അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെതിരെ അതൃപ്തി പരസ്യമാക്കാൻ ഐ ഗ്രൂപ്പ്. ദേശീയ സെക്രട്ടറി സ്ഥാനം അബിൻ ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണും. അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കും എന്നാണ് സൂചന. ഇന്നലെ ആണ് ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചായിരുന്നു സമവാക്യ ശ്രമം. എന്നാൽ, അബിനെ ഒതുക്കി എന്നാണ് ഐ ഗ്രൂപ്പിന്‍റെ പരാതി. ഒജെ ജനീഷിനെ സംസ്ഥാന അധ്യക്ഷനാക്കിയതിനൊപ്പം കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വര്‍ക്കിങ് പ്രസിഡന്‍റായും നിയമിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനാകും എന്ന് കരുതിയ അബിന്‍ വര്‍ക്കിയെയും കെ.എം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും പ്രഖ്യാപിച്ചു. ഗ്രൂപ്പ് താല്‍പ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു ലക്ഷത്തി എഴുപത്തിനായിരത്തിലധികം വോട്ടുകൾ നേടി രണ്ടാമതെത്തിയ അബിൻ വർക്കിയെ അധ്യക്ഷ പദവിയിൽ നിന്ന് തഴഞ്ഞതിലൂടെ മെറിറ്റ് അട്ടിമറിക്കപ്പെട്ടതായാണ് ഐ ഗ്രൂപ്പിന്റെ വിമർശനം. ഇടത് സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ രണ്ടു വർഷത്തിനിടെ 72 കേസുകൾ അബിന്റെ പേരിൽ നിലവിലുണ്ടെന്നും ഐ ഗ്രൂപ്പ് വാദിക്കുന്നു.
അബിന്‍ വര്‍ക്കിക്കുവേണ്ടി ഐ ഗ്രൂപ്പും ബിനു ചുള്ളിയിലിനായി കെ.സി ഗ്രൂപ്പും കെഎം അഭിജിത്തിന് വേണ്ടി എ ഗ്രൂപ്പും ബലപരീക്ഷണം തുടങ്ങിയതോടെയാണ് ഒജെ ജനീഷിന്‍റെ പേര് സമവായ നീക്കത്തില്‍ ഒന്നാമതെത്തിയത്. സംഘടനാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയായതിനാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വാഭാവിക നീതി വേണമെന്ന വാദമാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചത്. എ ഗ്രൂപ്പിന്‍റെ കയ്യിലുള്ള പ്രസിഡന്‍റ് പദവിക്ക് തുടര്‍ച്ചവേണമെന്ന വാദവുമായി എ ഗ്രൂപ്പും എംകെ രാഘവനുമടക്കമുള്ള നേതാക്കളും അഭിജിത്തിനെ പിന്തുണച്ചു. കെ.സി വേണുഗോപാല്‍ പക്ഷം ഹരിപ്പാട് നിന്നുള്ള ബിനു ചുള്ളിയിലിനെ കൊണ്ടുവരാനും നീക്കം തുടങ്ങി. തര്‍ക്കം മുറുകിയതോടെ ഷാഫി പറമ്പില്‍ ഒ.ജെ ജനീഷിന്‍റെ പേര് തന്ത്രപരമായി മുന്നോട്ടുകൊണ്ടുവന്നു.
സാമുദായിക സമവാക്യങ്ങൾ ചൂണ്ടിക്കാട്ടി അബിൻ വർക്കിയുടെ സാധ്യത ഇല്ലാതാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന ബിനു ചുള്ളിയിലിനെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത് സംബന്ധിച്ചും അഭ്യൂഹങ്ങൾ ഏറുകയാണ്.
വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച അധ്യക്ഷ പദവിയിലേക്ക് ഒ ജെ ജനീഷിനെ എത്തിക്കാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് ഷാഫി പക്ഷം. യൂത്ത് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറിയും ഷാഫി പറമ്പിലിന്റെ വിശ്വസ്തനുമായ കാസർഗോഡ് നിന്നുള്ള ജോമോൻ ജോസിനെയും പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷിന്റെ നോമിനിയായ അനു താജിനെയും യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായി നിയമിക്കാൻ ചർച്ചകൾ തുടരുന്നതായി ആണ് സൂചന.