അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം നടക്കും. ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കും സിനിമാ മേഖലയിലുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം നൽകിയശേഷം ഭൗതികദേഹം അദ്ദേഹത്തിൻറെ വസതിയിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംവിധായകന് സിദ്ദിഖ് അന്തരിച്ചത്. സിദ്ധിഖ് രണ്ടു ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഹൃദയാഘാതം സംഭവിച്ച് മരണത്തിന് കീഴടങ്ങിയത്.
രാഷ്ട്രീയ സിനിമ മേഖലയിലുള്ള നിരവധിപേർ സിദ്ദിഖിന്റെ വേർപാടിൽ അനുശോചനം അറിയിച്ചു. സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ നടൻ മമ്മൂട്ടി എത്തി. മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ സൽമാനും സിദ്ദിഖിനെ കാണാനെത്തി. ലാൽ അടക്കമുള്ള സിദ്ദിഖിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാൻ എത്തിയിട്ടുണ്ട്.