സിപിഎം കോട്ടയം ജില്ലാസെക്രട്ടറിയും സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവും ആയ എ വി റസൽ അന്തരിച്ചു. 63 വയസായിരുന്നു. കാൻസർ ബാധിച്ച് ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ്.
കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1981 മുതൽ സിപിഎം അംഗം. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ൽ ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000-05ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.