ദില്ലി: കേരളത്തിൽ സർക്കാരും ഗവർണ്ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഇടപെടലുകൾ ചർച്ച ചെയ്തേക്കും. കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റി യോഗമാണിത്. കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളടക്കം, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, കെ. എൻ. ബാലഗോപാൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ ഡൽഹിയിലെത്തിയിട്ടുണ്ട്