ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തൽ. 36 വർഷം മുൻപ് നടന്ന 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ് സുധാകരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിൽ സുധാകരൻ പറഞ്ഞു.
1989 സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. ആ സമയത്ത് ഞാൻ ഇലക്‌ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു. താൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതണ്ട. ഞങ്ങൾ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് കിട്ടുമ്പോൾ മറ്റാർക്കും ചെയ്യരുതെന്നും ജി.സുധാകരൻ എൻജിഒ യൂണിയൻ സമ്മേളനത്തിൽ പറഞ്ഞു. സുധാകരന്റെ ഈ വെളിപ്പെടുത്തൽ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.